മോസ്കോ: കിഴക്കൻ യുക്രെയ്നിലെ മരിയുപോൾ നഗരപ്രദേശം പൂർണമായും കീഴടക്കിയതായി റഷ്യൻ സേന അവകാശപ്പെട്ടു. മരിയുപോൾ നഗരത്തിൽ നിന്നും യുക്രെയ്ൻ സേനയെ പൂർണമായും തുരത്തിയെന്നും, നഗരപ്രദേശങ്ങൾ ഇപ്പോൾ പൂർണമായും തങ്ങളുടെ അധീനതയിലാണെന്നും റഷ്യ അവകാശപ്പെടുന്നു.
മരിയുപോൾ നഗരം കീഴടക്കിയപ്പോൾ, 1,464 യുക്രെയ്ൻ സൈനികർ റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അസ്റ്റോവ് ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾക്കുള്ളിൽ യുക്രെയ്ൻ സൈനികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് നടത്തിയ പോരാട്ടത്തിലാണ് ഇവരെ കീഴ്പ്പെടുത്തിയതെന്നും ഇഗോർ കൊനാഷെങ്കോവ് കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ ഏറ്റവും മോശമായ ആക്രമണങ്ങൾക്കാണ് മരിയുപോൾ സാക്ഷ്യം വഹിക്കുന്നത്. അസോവ് കടലിലെ ഒരു പ്രധാന തുറമുഖ നഗരമാണ് മരിയുപോൾ. ഇരുമ്പ്, ഉരുക്ക് എന്നിവയുടെ നിർമ്മാണവും ഇവിടെ നടക്കുന്നു. യുക്രെയ്നിന്റെ ഉരുക്ക്, കൽക്കരി, ധാന്യം എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ് മരിയുപോൾ. ഈ നഗരപ്രദേശം റഷ്യ കീഴ്പ്പെടുത്തിയതോടെ, യുക്രെയ്ന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും.
അതേസമയം, മരിയുപോളിൽ യുക്രെയ്ൻ സൈനികരെ ഇല്ലാതാക്കുന്നതിലൂടെ റഷ്യ വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി അറിയിച്ചു. ഇതിലൂടെ റഷ്യയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി.
Comments