യഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരോടൊപ്പം തന്നെ നിരവധി സിനിമാ താരങ്ങളും യാഷിനെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. ഏപ്രിൽ 14നാണ് കെജിഎഫ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ നടി കങ്കണ റണാവത്ത് യാഷിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചനോട് താരതമ്യം ചെയ്താണ് കങ്കണയുടെ പരാമർശം.
‘പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെ പോയ കോപാകുലനായ യുവാവാണ് അദ്ദേഹം. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു. അതിമനോഹരം’ എന്നാണ് കങ്കണ കുറിച്ചത്. ഇതുകൂടാതെ രാം ചരൺ, അല്ലു അർജുൻ, എൻടിആർ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതെന്നും കങ്കണ കുറിച്ചു.
അതിനിടെ റിലീസ് ചെയ്ത് മൂന്നാം ദിവസം 400 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് കെജിഎഫ്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലനായി എത്തിയിരിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് നിർമ്മാണം.
Comments