പാലക്കാട്: പാലക്കാട്ടെ രാഷ്‌ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബവുമൊത്ത് ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.
സംസ്ഥാന സർക്കാർ അന്വേഷണത്തിൽ അനാസ്ഥ തുടരുകയാണ്. അടുത്തൊരു അനിഷ്ട സംഭവം നടക്കാതിരിക്കാൻ നോക്കേണ്ടത് ഭരണത്തിന്റെ ചുമതലയല്ലേ. ജനങ്ങളുടെ ജീവനും സ്വത്തും സംസ്‌കാരവും സംരക്ഷിക്കുക, അതിനിവിടെ സേനകളുണ്ടെങ്കിൽ അവയെ ഉപയോഗപ്പെടുത്തുക, നിഷ്പക്ഷരായി പ്രവർത്തിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക അവരെ കൃത്യമായി ഉപയോഗിക്കുക എന്നതല്ലേ വേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചു.
അതിനിടെ ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളേയും ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments