കണ്ണൂർ: കശുവണ്ടി പെറുക്കലും കേടുപാടുകൾ കൂടാതെ സൂക്ഷിക്കലും ഇനി പോലീസുകാരുടെ പണി. കണ്ണൂർ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളിൽ നിന്നാണ് കശുവണ്ടികൾ ശേഖരിക്കേണ്ടത്. ഇതിനായി മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു.
ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാർട്ടേഴ്‌സിലേയും കമ്പനിയിലേയും രണ്ട് ഹവിൽദാർമാരേയും ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്. ബറ്റാലിയനിലെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിന്നും കശുവണ്ടി ശേഖരിക്കാൻ നാല് തവണ ലേലം വിളിച്ചിരുന്നു. എന്നാൽ കശുവണ്ടി ഉത്പാദനത്തിൽ കുറവ് വരികയും വില കുറയുകയും ചെയ്തതോടെ ലേലം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.
നിലവിൽ കശുമാങ്ങ നിലത്ത് വീണ് നശിക്കുകയാണ്. മഴയിൽ ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. ഉദ്യോഗസ്ഥരെ കശുവണ്ടി പെറുക്കാൻ നിയോഗിച്ചതിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്. കശുവണ്ടി പറക്കാൻ പോകുമ്പോൾ യൂണിഫോം ധരിക്കണോ എന്നാണ് ഉയരുന്ന ട്രോളുകൾ.
















Comments