കൊൽക്കത്ത : വനവാസി കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി ഉത്പാദനം നടത്താനൊരുങ്ങുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബിജെപി. സർക്കാരിന്റെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ മൂന്ന് മാസമായി കുടുംബങ്ങൾ സമരം ചെയ്യുകയാണ്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തി. വനവാസികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ബീർഭൂം ജില്ലയിലാണ് സംഭവം. 10,000 കുടുംബങ്ങളാണ് ഇവിടെ ഒന്നിച്ച് താസിക്കുന്നത്. എന്നാൽ ദ്വേച്ഛ പഞ്ചമി കൽക്കരി പദ്ധതിക്കായി മമത സർക്കാർ ഇവരെ നിർബന്ധിച്ച് ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ പ്രദേശത്തെ ജനങ്ങൾ ഒന്നിച്ച് പോരാടുന്ന സാഹചര്യത്തിൽ ഇവരുടെ പെൻഷൻ ഉൾപ്പെടെ മമത സർക്കാർ പിടിച്ചുവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിൽ മമതയുടെ ഇരട്ടത്താപ്പിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കാൻ ആരംഭിച്ചപ്പോൾ അതിനെതിരെ പ്രക്ഷോഭം നടത്തിയയാളാണ് മമത. എന്നാൽ ഇപ്പോൾ 10,000 ത്തോളം കുടുംബങ്ങളെ ഒന്നിച്ച് ഒഴിപ്പിക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു.
സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ മൂന്ന് മാസമായി പ്രതിഷേധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ധർണ തുടരുമെന്നും ഒരിക്കലും സ്വന്തം മണ്ണ് വിട്ട് പോകില്ല എന്നുമാണ് ഇവരുടെ നിലപാട്. ജോലിയും വീടുമൊക്കെ സ്ഥലവുമൊക്കെ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ വീട് സർക്കാരിന് വിട്ടുകൊടുക്കാൻ താത്പര്യമില്ലെന്നും വനവാസി കുടുംബങ്ങൾ വ്യക്തമാക്കി.
Comments