പാലക്കാട്: കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് കണ്ണനൂരിലാണ് ബസിടിച്ച് വയോധിക മരിച്ചത്. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ട്രാൻസ്‌പോർട്ട് ഓഫീസർക്കും കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം.
അപകടത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കമ്മീഷന്റെ വിലയിരുത്തൽ. സിഗ്നൽ തെറ്റിച്ചത് കൂടാതെ അപകടത്തിന് പിന്നാലെ ബസ് നിർത്താതെ പോകുകയും ചെയ്തതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബസ് ഡ്രൈവർ മലപ്പുറം അത്തിപ്പറ്റ സ്വദേശിയായ ചന്ദ്രനെതിരെ (55) മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് നേരത്തെ കേസെടുത്തിരുന്നു.
തൃശൂർ പാലക്കാട് ദേശീയപാതയിൽ ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചത്. 80-കാരിയായ ചെല്ല, സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. പച്ചക്കറി വാങ്ങി വരുമ്പോഴായിരുന്നു അപകടം. ബസ് തട്ടി വീണ ചെല്ലയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു. സിഗ്നലിൽ റെഡ് ലൈറ്റ് കത്തിയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
















Comments