തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.18 ദിവത്തേയ്‌ക്കാണ് യാത്ര.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല.അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9 മണിക്ക് ഓൺലൈനായി ചേരും. മുഖ്യമന്ത്രി യുഎസിൽ നിന്നും യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും എന്നാണ് വിവരം.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർഥം അമേരിക്കയിലേക്ക് പോകുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിത്സക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്‌ക്ക് പോയിരുന്നു. ജനുവരിയിൽ ചികിത്സയ്‌ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കു മൂലമാണു യാത്ര വൈകിയത്.
നേരത്തെ രണ്ട് തവണ അമേരിക്കയിലേക്ക് പോയപ്പോഴും മുഖ്യമന്ത്രി പകരം ചുമതല ആർക്കും നൽകിയിരുന്നില്ല.ചികിത്സയ്‌ക്കായി വിദേശത്തേക്ക് പോകുന്ന കാര്യം പിണറായി വിജയൻ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.
Comments