ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുമത്തിയിരുന്ന പ്രത്യേക സൈനിക അധികാര നിയമമായ അഫ്‌സ്പ പിൻവലിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1971ൽ നടന്ന ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ സൈനികരെ അനുസ്മരിക്കുന്നതിനായി ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ അഫ്‌സ്പ പിൻവലിക്കാൻ ആരംഭിച്ചത് ഏതാനും നാളുകൾ മുമ്പാണ്. ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാന അന്തരീക്ഷം സംജാതമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞുവെന്നും തൽഫലമായാണ് അഫ്‌സ്പ നിയമം മാറ്റുന്നതെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
അഫ്‌സ്പ പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ 3-4 വർഷമായി നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നത് ചെറിയ കാര്യമല്ല. അസമിലെ 23 ജില്ലകളിൽ നിന്നും പൂർണമായും അഫ്‌സ്പ പിൻവലിച്ചു. മണിപ്പൂരിലും നാഗാലാൻഡിലുമുള്ള 15 പോലീസ് സ്‌റ്റേഷൻ പരിധികളിലും അഫ്‌സ്പ എടുത്തുകളഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാന അന്തരീക്ഷം കൈവന്നതിന്റെ ഫലമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അസമിലെ 23 ജില്ലകൾ കൂടാതെ നാഗാലാൻഡിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലെ ആറ് ജില്ലകളിലുമാണ് കഴിഞ്ഞയിടയ്‌ക്ക് സർക്കാർ അഫ്‌സ്പ നിയമം പിൻവലിച്ചത്.
Comments