ന്യൂഡൽഹി: ആർആർആറിന്റെ വൻ വിജയത്തിന് ശേഷം ആസാദി കാ അമൃത് മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് നടൻ രാം ചരൺ. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാം ചരൺ. ‘നിങ്ങൾ ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പോരാടുന്നത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്’ എന്ന് രാം ചരൺ പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കഠിനമായ അവസ്ഥയെ സൈന്യം ഏങ്ങനെ ധീരമായി നേരിട്ടുവെന്ന് ഓർക്കണം, അവർ കാരണമാണ് നമ്മൾ ഇവിടെ സമാധാനപരമായി ജീവിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങൾക്ക് വേണ്ടി പോരാടിയതിനാലാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്’ രാം ചരൺ പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് രാം ചരൺ അദരാജ്ഞലി അർപ്പിക്കുകയും ചെയ്തു.
യൂണിഫോമിലൊരു പുരുഷനെയോ സ്ത്രീയെയോ കാണുന്നത് തനിക്ക് വളരെ അഭിമാനം നൽകുന്നുവെന്നും രാം ചരൺ പറഞ്ഞു. താനിതുവരെ 14 സിനിമകൾ ചെയ്തു. ഇപ്പോഴിറങ്ങിയ ആർആർആർ അടക്കം നേരിട്ടോ അല്ലാതെയോ പോലീസ് യൂണിഫോം താനും ധരിച്ചിട്ടുണ്ടെന്നും രാം ചരൺ പ്രസംഗത്തിൽ പറഞ്ഞു.
ശബരിമലയിൽ പോകാൻ വ്രതം നോക്കുന്നതിനാൽ കറുത്ത കുർത്തയും മുണ്ടും ധരിച്ചാണ് രാം ചരൺ ചടങ്ങിലെത്തിയത്. നഗ്നപാദങ്ങളിൽ എല്ലാവരുടേയും കൂടെ നിന്ന് ചിത്രങ്ങൾ എടുത്ത ശേഷമാണ് രാം ചരൺ മടങ്ങിയത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Comments