മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. കൊൽക്കത്തയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഗുജറാത്ത് ഉയർത്തിയ 157 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ വിജയശിൽപി. 49 പന്തിൽ നിന്നും നാല് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 67 റൺസാണ് പാണ്ഡ്യ നേടിയത്. 17-ാം ഓവറിൽ ടിം സൗത്തിയാണ് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത്. വൃദ്ധിമാൻ സാഹ(25), ഡേവിഡ് മില്ലർ(27), രാഹുൽ തെവാടിയ(17) എന്നവരാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
ശുഭ്മാൻ ഗിൽ(7), റാഷിദ് ഖാൻ(0), അഭിനവ് മനോഹർ(2), ലോക്കി ഫെർഗൂസൻ(0), അൽസാരി ജോസഫ്(1), യഷ് ദയാൽ(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. ആന്ദ്രെ റസ്സലാണ് ഗുജറാത്തിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. സൗത്തി മൂന്ന് വിക്കറ്റും, ഉമേഷ് യാദവ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അഭിനവ് മനോഹർ, ലോക്കി ഫെർഗൂസൻ,രാഹുൽ തെവാടിയ, യഷ് ദയാൽ എന്നിവരുടെ വിക്കറ്റുകളാണ് റസ്സൽ നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരോവറിൽ തന്നെ നാലു വിക്കറ്റുകളെടുത്ത ആദ്യത്തെ ബൗളറെന്ന റെക്കോർഡാണ് റസ്സൽ സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിൽ ഗുജറാത്ത് ജയിച്ചതോടെ റസ്സലിന്റെ വെടിക്കെട്ട് പ്രകടനം പാഴായി പോകുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ കൊൽക്കത്തയ്ക്ക് തുടക്കം മുതൽ അടിതെറ്റുകയായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഇക്കുറി റസ്സൽ തന്നെയാണ് മികച്ച് നിന്നത്. 25 പന്തിൽ നിന്നും 48 റൺസ് നേടിയ റസ്സലാണ് ടീമിലെ ടോപ് സ്കോറർ. 28 പന്തിൽ നിന്നും 35 റൺസ് നേടിയ റിങ്കു സിംഗാണ് മികച്ച സ്കോർ ഉയർത്തിയ മറ്റൊരു താരം.
സാം ബില്ലിംഗ്സ്(4), സുനിൽ നരെയ്ൻ(5), ശ്രേയസ് അയ്യർ(12), നിതീഷ് റാണ(2), വെങ്കിടേഷ് അയ്യർ(17), ശിവം മാവി(2), ഉമേഷ് യാദവ്(15), ടിം സൗത്തി(1) എന്നിയങ്ങെയാണ് മറ്റ് താരങ്ങളുടെ സ്കോർ. മുഹമ്മദ് ഷമ്മി, യഷ് ദയാൽ, റാഷിദ് ഖാൻ എന്നിവർ കൊൽക്കത്തയുടെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Comments