ദുബായ്: നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ച് കൂടുതൽ എമിറേറ്റുകൾ. ഷാർജയ്‌ക്ക് പുറമെ, ദുബായ്, അബുദാബി, റാസൽഖൈമ എന്നീ എമിറേറ്റുകളും ഒമ്പത് ദിവസം നീണ്ട അവധി പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്ക് മെയ് ഒമ്പത് വരെയാണ് അവധി. യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കാണ് മന്ത്രിസഭ ഒരാഴ്ചയിലേറെ നീളുന്ന പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ഷാർജ എമിറേറ്റ് സർക്കാർ ജീവനക്കാർക്ക് മെയ് ഒമ്പത് വരെ അവധി നൽകുന്നതായി പ്രഖ്യാപനം നടത്തി. ഇതിന്റെ ചുവട് പിടിച്ച് ദുബായ്, അബുദാബി, റാസൽഖൈമ സർക്കാരുകളും തങ്ങളുടെ ജീവനക്കാർക്ക് സമാനമായ അവധി പ്രഖ്യാപിക്കുകയായിരുന്നു. മെയ് ആറ് വരെയാണ് സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ്, എട്ട് തീയതികൾ ശനിയും ഞായറും ആയതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ഒന്നിനാണ് പെരുന്നാൾ എങ്കിൽ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാൾ എങ്കിൽ നാല് വരെയും അവധി നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം പെരുന്നാൾ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും. മെയ് ഒമ്പത് മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
Comments