തൃശൂർ: കൊറോണയുടെ നിയന്ത്രണങ്ങൾ നൽകിയ ഇടവേളയ്ക്ക് ശേഷം വന്നെത്തിയ പൂരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് തൃശൂർ. പൂരത്തിന്റെ ഒരുക്കങ്ങൾ അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. രാവിലെ സ്വരാജ് റൗണ്ടിൽ നടന്ന പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പന്തലിന്റെ കാൽ നാട്ട് കർമ്മം പൂരത്തിന്റെ വരവറിയിക്കുന്ന ആഘോഷമായി.
പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ നിർമിക്കുന്ന പന്തലിന്റെ കാൽ നാട്ട് ആണ് നടന്നത്. രാവിലെ എട്ടരക്ക് പാറമേക്കാവ് ക്ഷേത്രം മേൽശാന്തി കാരെക്കാട്ട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഭൂമി പൂജയ്ക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും ചേർന്നാണ് പന്തലിന് കാൽ നാട്ടിയത്. ഇതോടെ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പൂരത്തിനുള്ള ഒരുക്കങ്ങളിലേയ്ക്ക് ദേവസ്വങ്ങളും തട്ടകങ്ങളും കടന്നു.
തിരുവമ്പാടി വിഭാഗം നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ട് 28ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമിക്കുക. തൃശൂർ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടിൽ പന്തലുകൾ നിർമിക്കുക. ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ചതോടെ ദേവസ്വങ്ങളും സജീവമായി.
കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശ്ശൂർക്കാർ. ഇരു വിഭാഗങ്ങളും മറ്റ് ഘടകപൂരങ്ങളും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പാറമേക്കാവ് ദേവസ്വം അധികൃതർ വ്യക്തമാക്കി.
സുരക്ഷിതമായ പൂരത്തിനാണ് ഇക്കുറി ലക്ഷ്യമിടുന്നത്. പൂരം കാണാൻ വരുന്നവർ അത് ആസ്വദിക്കുകയും അപകടമില്ലാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യം ഒരുക്കും. മുൻവർഷങ്ങളെക്കാൾ 40 ശതമാനത്തോളം തിരക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്നും അതിനുളള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments