മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 11 റൺസിന് പഞ്ചാബ് കിങ്‌സിന്റെ ജയം. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിലെ മുഖ്യ ആകർഷണം. ഓപ്പണറായി ഇറങ്ങിയ ധവാൻ പുറത്താവാതെ 88 റൺസെടുത്തു. 59 പന്തിൽ നിന്ന് രണ്ട് സിക്‌സറും 9 ബൗണ്ടറിയും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.
ഇതോടെ ഐപിഎൽ ക്രിക്കറ്റിൽ 6000 റൺസ് തികയ്‌ക്കുന്ന ബാറ്ററായി ശിഖർ ധവാൻ മാറി. റോയൽ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലിയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ധവാൻ. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
മായങ്ക് അഗർവാൾ(18)ആണ് ആദ്യം പുറത്തായത്. തീക്ഷണയുടെ പന്തിൽ ദുബെ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് ശിഖർ ധവാനും, ഭനുക രജപക്‌സ(42)യും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റൺ(19) ആഞ്ഞടിച്ചെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. 7 പന്തിൽ രണ്ട് സിക്‌സറും ഏക ബൗണ്ടറിയും ഇതിനകം അദ്ദേഹം അടിച്ചു. ജോൺ ബെയർസ്‌റ്റോ(6) അവസാന പന്തിൽ പുറത്തായി. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പഞ്ചാബ് ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത് തുടർ ബാറ്റിങ് ആരംഭിച്ച ചെന്നെയ്‌ക്ക് മികച്ച തുടക്കം അല്ല ലഭിച്ചത്. റോബിൻ ഉത്തപ്പ(1) വേഗം ക്രീസ് വിട്ടു. തുടർന്നെത്തിയ മിച്ചൽ സാന്റനർ(9) അധികം നേരം പിടിച്ച് നിൽക്കാതെ പുറത്തായി. തുടക്കത്തിൽ വീണ രണ്ട് വിക്കറ്റുകൾ മഞ്ഞകുപ്പായക്കാരെ സമർദ്ദത്തിലാക്കി. അടുത്തതായി ക്രീസിലെത്തിയ ശിവം ദുബെയും(8) എളുപ്പത്തിൽ മടങ്ങിയത് തിരിച്ചടിയായി. എന്നാൽ അമ്പാട്ടി റായുഡു എത്തിയതോടെ ചെന്നൈയുടെ സ്‌കോറിന്റെ വേഗത വർധിച്ചു.
38 പന്ത് നേരിട്ട റായുഡു 78 റൺസ് എടുത്തു. നാലാം വിക്കറ്റിൽ റുതുരാജ് ഗെയ്ക്‌വാദ്(30), അമ്പാട്ടി റായുഡുവിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ടീമിനെ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഗെയ്ക്‌വാദ് വീണു. ഒരറ്റത്ത് ഏകനായി പൊരുതിയ റായുഡു ആറ് സിക്‌സറും ഏഴ് ബൗണ്ടറിയും നേടി. റായുഡുവിനെ റബാഡാ ക്ലീൻ ബൗൾഡാക്കിയതോടെ ചെന്നൈയുടെ വിധി എഴുതി. പിന്നീട് വന്ന രവീന്ദ്ര ജഡേജ(21), എം എസ് ധോണി(12) എന്നിവർ പോരുതി നോക്കിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല.
Comments