കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ വിവിധ ഫ്ളാറ്റുകളിൽ വെച്ചാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവതി ആരോപിക്കുന്നത്.
ഈ മാസം 22 നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം രേഖപ്പെടുത്തി വൈദ്യപരിശോധനയും പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
എന്നാൽ ഇത്ര ദിവസമായിട്ടും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല.
വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കേസിലെ കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിൽ ആണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു
Comments