പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുക.
ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ എന്ന അദ്രു, ഒലവക്കോട് കാവിൽപ്പാട് ഫിറോസ്, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ, അബ്ദുൾ ബാസിത് അലി എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായവരുമായി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പ്രതികളെ ഇന്നും നേരിട്ട് എത്തിച്ച് തെളിവെടുക്കുക.
ഇതിൽ അബ്ദുൾ റഹ്മാനും ഫിറോസും ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. നേരത്തെ കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ആയുധം ഒളിപ്പിച്ച ഇടങ്ങളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുക. അബ്ദുൾ റഹ്മാന്റെ സഹോദരൻ മുഹമ്മദ് ബിലാലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി വീടും മറ്റും കാണിച്ചുകൊടുക്കുകയും ചെയ്തത് റിഷിലും ബാസിത് അലിയുമാണ്. രണ്ട് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങളാണ് സംഘം തയ്യാറാക്കിയിരുന്നത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ഡിവിഷൻ പ്രസിഡന്റാണ് അബ്ദുൾ ബാസിത് അലി.
കൊലപാതകത്തിന് ശേഷം സംഘത്തിലുണ്ടായിരുന്നവർ ഓരോരുത്തരായി ഒളിവിൽ പോകുകയായിരുന്നു. എന്നാൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ബാക്കിയുളളവരെക്കുറിച്ചുളള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്ഡിപിഐ ഓഫീസുകളിൽ ഉൾപ്പെടെ ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയിരുന്നു.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.
Comments