ലക്നൗ: ഉത്തര്‍പ്രദേശില്‍ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവ നീക്കം ചെയ്യുന്നത്. നൂറ് കണക്കിന് ഉച്ചഭാഷിണികള്‍ ഇതുവരെ നീക്കം ചെയ്തു. അക്ഷയതൃതീയ, ഈദ് തുടങ്ങിയ ആഘോഷങ്ങളും മറ്റ് ഉത്സവങ്ങളും വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കിയത്.
കോടതി ഉത്തരവ് പ്രകാരം മതപരമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുകയോ, ശബ്ദ നിയന്ത്രണം ചെയ്യുകയോ വേണമെന്നാണ് അറിയിച്ചിരുന്നത്. പുതിയ ഉച്ചഭാഷിണികള്‍ക്ക് അനുമതി നല്‍കരുതെന്നും അധികൃതര്‍ക്ക് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ നിന്നും മസ്ജിദുകളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
എല്ലാ വിഭാഗം മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മതപരമായ സ്ഥലങ്ങളിലും വിവാഹ വേദികളിലും മറ്റും അനുവദനീയ ശബ്ദത്തിന്റെ അളവ് സംബന്ധിച്ച ലഘുലേഖകള്‍ പോലീസ് വിതരണം ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ മാത്രം 683 ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുകയും, 395 ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments