ദുബായ്: ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുമതി നൽകുന്ന ഓൺലൈൻ സംവിധാനം നാളെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അധികൃതർ അറിയിച്ചു. ആർടിഎ വെബ്സൈറ്റിലാവും ഈ സൗകര്യമൊരുക്കുക.
ചില റോഡുകളിലൂടെ ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതി വേണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ആർടിഎ വെബ്സൈറ്റിലൂടെയുള്ള പരിശീലന ക്ലാസ് പാസാകണം. സ്കൂട്ടറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഓടിക്കാൻ അനുവാദമുള്ള റോഡുകളെക്കുറിച്ചും ക്ലാസുണ്ടാകും. ട്രാഫിക് സിഗ്നലുകളെക്കുറിച്ചും ബോധവൽക്കരണം നടത്തും.
അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിച്ചാൽ 200 ദിർഹം പിഴയീടാക്കും. അതേസമയം മോട്ടോർസൈക്കിൾ ലൈസൻസ്, രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് എന്നിവയുള്ളവർക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. സെയ് അസ്സാലം, അൽ ഖുദ്ര, മെയ്ദാൻ എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ സൈക്കിൾ-സ്കൂട്ടർ ട്രാക്കുകളിലും ഇ-സ്കൂട്ടറുകൾ ഓടിക്കാം.
Comments