ഗുവാഹത്തി : അസമിനെ ആരോഗ്യമേഖലയുടെ കേന്ദ്ര ബിന്ദുവാക്കാൻ കൈകോർത്ത് കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും. ഏഴ് പുതിയ കാൻസർ സെന്ററുകളുടെ ഉദ്ഘാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്യവസായി രത്തൻ ടാറ്റയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏഴ് കാൻസർ സെന്ററുകളുടെ തറക്കല്ലിടൽ ചടങ്ങും നിർവ്വഹിച്ചു.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന അസം സർക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമാണ് അസം കാൻസർ കെയർ ഫൗണ്ടേഷൻ. ഇതിന് കീഴിൽ സംസ്ഥാനത്തുടനീളം 17 കാൻസർ കെയർ ഹോസ്പിറ്റലുകൾ ആരംഭിച്ചുകൊണ്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഏഴ് ക്യാൻസർ സെന്ററുകൾ ഉദ്ഘാടനം ചെയ്തത്. അടുത്ത മൂന്ന് ആശുപത്രികൾ ഉടൻ ആരംഭിക്കും. ദിബ്രുഗഡ്, കൊക്രജാർ, ബാർപേട്ട, ദരാംഗ്, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട് എന്നിവിടങ്ങളിലാണ് ആശുപത്രികൾ ആരംഭിച്ചത്.
അസമിൽ ഏഴ് പുതിയ ക്യാൻസർ കെയർ ആശുപത്രികൾ ഉദ്ഘാടനം ചെയ്തുവെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ അത് ആഘോഷമാക്കുന്ന സ്ഥിതി അസമിലുണ്ടായിരുന്നു. എന്നാൽ ഇന്നത് മാറിയിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്കുള്ളിൽ മൂന്ന് ആശുപത്രികൾ കൂടി സംസ്ഥാനത്ത് ആരംഭിക്കും. ആശുപത്രികൾക്ക് ജനങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇന്ന് ഉദ്ഘാടനം ചെയ്തവ ഒഴിഞ്ഞു കിടക്കണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് മോദി പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. യോഗ, ഫിറ്റ്നസ്, സ്വച്ഛത എന്നിവയിലൂടെ ജനങ്ങൾ എന്നും ആരോഗ്യവാന്മാരായിരക്കണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അവസാന വർഷങ്ങൾ ആരോഗ്യമേഖലയ്ക്കായി സമർപ്പിക്കുന്നുവെന്ന് രത്തൻ ടാറ്റ പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാൻ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും നൽകുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ നന്ദി അറിയിച്ചു.
സർക്കാർ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 കാൻസർ കെയർ ആശുപത്രികളാണ് നിർമ്മിച്ചത്. ഇതിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണം മാസങ്ങൾക്കകം പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ഏഴ് ആശുപത്രികൾ നിർമ്മിക്കും. ഇതിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചു. ധൂബ്രി, നാൽബാരി, ഗോൾപാറ, നാഗോൺ, ശിവസാഗർ, ടിൻസുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലാണ് പുതിയ ആശുപത്രികൾ നിർമ്മിക്കുക.
Comments