ന്യൂഡൽഹി : കോൺഗ്രസിലേക്ക് വരാനുള്ള സോണിയ ഗാന്ധിയുടെ ക്ഷണം നിരസിച്ചതിൽ പ്രതികരിച്ച് രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസിന് ഒറ്റയ്‌ക്ക് നിന്ന് മുന്നേറാൻ സാധിക്കുമെന്നും അതിന് തന്റെ സഹായം ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
കോൺഗ്രസ് നേതൃത്വവുമായി പാർട്ടിയുടെ ഭാവിയെക്കുറിച്ച് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. മിക്കതിലും അഭിപ്രായവ്യത്യാസം ഇല്ലാതെ യോജിച്ച് പോകുന്നുമുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടിക്ക് സ്വയം മുന്നേറാനും വിജയിക്കാനും സാധിക്കും. അതിന് തന്റെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ രാഹുലിന്റെയോ പ്രിയങ്കയുടേയോ പേരില്ല. പാർട്ടി സ്വകാര്യമായി എടുത്ത തീരുമാനം പരസ്യമാക്കാനാവില്ല എന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ സ്ഥാനം തീരുമാനിക്കാൻ താൻ ആരാണ് എന്നും അദ്ദേഹം ചോദിച്ചു. പ്രിയങ്കയെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
പ്രശാന്ത് കിഷോറിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിന് പിന്നാലെ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. അടത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കോൺഗ്രസ് ക്ഷണിച്ചത്. എന്നാൽ പ്രശാന്ത് കിഷോർ അത് നിരസിക്കുകയായിരുന്നു.
Comments