പാലക്കാട്: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിലെ അപാകതയിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വീഴ്ച വരുത്തിയ 12 അദ്ധ്യാപകർക്ക് മെമ്മോ നൽകി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരം മൂല്യ നിർണയം തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ചോദ്യപേപ്പറാണ് പരീക്ഷയ്‌ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിർമ്മിക്കുന്ന ആൾ തന്നെ ഉത്തരസൂചികയും തയ്യാറാക്കി നൽകുന്നു. എന്നിരുന്നാലും, മാനുഷികമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി പരീക്ഷയ്‌ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ അത് പരിശോധന നടത്താറുണ്ട്. പുനപരിശോധനയ്‌ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കിയ ഉത്തര സൂചിക, അന്തിമ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് മൂല്യനിർണയത്തിന് നൽകുന്നത്. എന്നാൽ, ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് ലഭിക്കാവുന്ന രീതിയിലും ക്രമീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകി.
എന്നാൽ പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ അദ്ധ്യാപകർ അടിയന്തിരമായി മൂല്യനിർണയം പൂർത്തിയാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഹയർസെക്കൻഡറി ബോർഡിന് വേണ്ടി ചെയർമാൻ അംഗീകരിച്ച ഉത്തരസൂചിക പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതനുസരിച്ച് തന്നെ മൂല്യനിർണയം തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
രണ്ടാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകർ പ്രതിഷേധിച്ചിരുന്നു. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകർ പ്രതിഷേധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അദ്ധ്യാപകർ തയ്യാറാക്കി, ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ആരാണ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയെന്നും അദ്ധ്യാപകർ പറഞ്ഞു.
Comments