ദുബായ്: ഷാഹിദ് അഫ്രിദിയെ പോലെ നുണപറയുന്ന ഒരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റ് താരവും ഏക ഹിന്ദുമത വിശ്വാസിയുമായ ഡാനിഷ് കാനേരിയ. മതത്തിന്റെ പേരിൽ തന്നെ പരമാവധി അവഹേളിക്കാനും മാറ്റിനിർത്താനും ദ്രോഹിക്കാനും ശ്രമിച്ചയാളാണ് മുൻ നായകൻ ഷാഹിദ് അഫ്രിദിയെന്നും പ്രചരിപ്പിച്ചതെല്ലാം നുണയായിരുന്നുവെന്നും ഡാനിഷ് കനേരിയ പറഞ്ഞു. ഒപ്പം 2013 മുതൽ തനിക്ക് മേൽ അടിച്ചേൽപ്പിച്ച കളി നിരോധനം നീക്കണമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് കനേരിയ അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം പേസ് ബൗളർ ഷൊഐബ് അക്തറാണ് ഡാനിഷ് കനേരിയയ്‌ക്ക് വേണ്ടി രംഗത്ത് വന്നത്. പാകിസ്താൻ ടീം കനേരിയയോട് അപമര്യാദയായിട്ടാണ് പെരുമാറിയതെന്ന് അക്തർ വെളിപ്പെടുത്തിയിരുന്നു. താൻ ഹിന്ദുവായിരുന്നു എന്നത് മാത്രമാണ് പലർക്കും തന്നോട് ശത്രുതയ്‌ക്ക് കാരണമെന്നും കനേരിയ പറഞ്ഞു.
അക്തറാണ് തനിക്ക് വേണ്ടി ആദ്യമായി സംസാരിച്ച മാന്യവ്യക്തിത്വം. അദ്ദേഹത്തിനോട് തനിക്ക് തീർത്താൽ തീരത്ത കടപ്പാടുണ്ട്. കാരണം അത്രയധികം മതത്തിന്റെ പേരിൽ താൻ പാകിസ്താൻ ക്രിക്കറ്റിൽ അപമാനിക്കപ്പെട്ടു. അതിനെതിരെ തനിക്കായി അക്തറാണ് ഇടപെട്ടത്. എന്നാൽ അതിന് ശേഷം അദ്ദേഹത്തിന് മേൽ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ സമ്മർദ്ദമാണ് പ്രസ്താവന തിരുത്താനായി നടന്നതെന്നും കനേരിയ പറഞ്ഞു.
അഫ്രിദി വെറും തട്ടിപ്പുകാരനും കാപട്യക്കാരനുമായി ക്രിക്കറ്ററാണ്. കളിക്കുന്നതിനപ്പുറം താരങ്ങളെ പലവിധം മാനസികമായി തളർത്തുക എന്നത് അയാളുടെ ശൈലിയാണ്. തന്നെ ഏകദിന ക്രിക്കറ്റിൽ നിന്നും മാറ്റി നിർത്താൻ എന്നും അയാൾ പ്രത്യേക താൽപ്പര്യമെടുത്തു. താൻ എപ്പോഴൊക്കെ നന്നായി കളിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അയാൾക്ക് കടുത്ത അസൂയയായിരുന്നുവെന്നും കനേരിയ പറഞ്ഞു.















