തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ജനം ടിവി സംഘടിപ്പിക്കുന്ന ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കമായി. തിരുവനന്തപുരം ആക്കുളം എംജിഎം സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് മേയർ അഡ്വ. വി. വി രാജേഷ് ഉദ്ഘാടനം ചെയ്തു.
ജനം ടിവി മാനേജിംഗ് ഡയറക്ടർ ഡോ. ചെങ്കൽ എസ്. രാജശേഖരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷനായി, ദക്ഷിണ മേഖല ഐജി സ്പർജൻ കുമാർ, എംജിഎം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ, എംജിഎം സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ പി. നായർ, മൈൻഡ് പോർട്ട് എംഡിയും സൈക്കോളജിസ്റ്റുമായ ശാരിക മേനോൻ, മലബാർ ഗോൾഡ് ആൻറ് ഡയമണ്ട് പ്രതിനിധി സയിദ് മസൂദ്. ജി-ടെക് കമ്പ്യൂട്ടർ എജ്യുക്കേഷന്റെ ഡയറക്ടർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജനം ടിവി മൂന്നാം വർഷവും ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരായ സാമൂഹിക പ്രതിരോധം ശക്തമാക്കുന്നതിനും യുവതലമുറയിൽ അവബോധം വളർത്തുന്നതിനുമുള്ള വിവിധ ബോധവത്കരണ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.















