കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടിയെത്തിയതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. 2021 ൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി സംബന്ധിച്ച് വിജയ് ബാബുവിനെ സന്ദർശിച്ചപ്പോളുണ്ടായ ദുരനുഭവമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. വുമൺ എഗനെസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
പൊഫ്രഷണൽ കാര്യങ്ങളും വ്യക്തപരമായ കാര്യങ്ങളും വിജയ് ബാബുവുമായി ചർച്ച ചെയ്തിരുന്നു. പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ സഹായിക്കാനായി സ്വയം മുന്നോട്ടു വന്നു. ചർച്ചയ്ക്കിടെ നടൻ മദ്യപിക്കാൻ ആരംഭിച്ചു. തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് യുവതി പറയുന്നു. നിരസിച്ചപ്പോൾ നടൻ ചുംബിക്കാൻ ശ്രമിച്ചുവെന്നും പെട്ടന്ന് കുതറിമാറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
ഇല്ല എന്ന് പറഞ്ഞപ്പോൾ മാപ്പ് അപേക്ഷിച്ചുവെന്നും പുറത്ത് പറയരുതെന്ന് അഭ്യർത്ഥിച്ചെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. പരിചയപ്പെട്ട് 30 മിനിറ്റിനുള്ളിൽ തന്നെ ഈ രീതിയിൽ അപമര്യാദയായി പെരുമാറിയതിനാൽ പ്രൊജക്ട് തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്നും തന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഇതിനുശേഷം നിർത്തിയെന്നും യുവതി പറഞ്ഞു.
അതേസമയം വിജയ് ബാബു മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനും സിനിമയിൽ കൂടുതൽ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. താൻ നിർമ്മിച്ച ഒരു ചിത്രത്തിൽ നേരിട്ട് അവസരം ചോദിച്ചപ്പോൾ ഓഡിഷനിൽ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിർദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതൽ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ജാമ്യഹർജിയിൽ വിജയ് ബാബു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.
ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.
അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെതുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .
ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്
Comments