ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിന് ആവശ്യമായ നടപടികളും സമ്മേളനത്തിൽ ചർച്ചചെയ്യും. നേരത്തെ 2016ലാണ് ഇത്തരം സമ്മേളനം നടന്നത്. സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് സമ്മേളനം ഒരുക്കുന്നത്.
നീതിയുടെ ലളിതവും സൗകര്യപ്രദവുമായ വിതരണചട്ടക്കൂടുകൾ ഒരുക്കുന്നതിനായി എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ഒത്തുചേരുന്നതിനുള്ള അവസരമാണ് സംയുക്തസമ്മേളനം. നീതിന്യായവിതരണസംവിധാനം ഫലപ്രദവും കാര്യക്ഷമവും ഏവർക്കും പ്രാപ്യവും ആക്കുന്നതിനുള്ള തുടർനടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ഈ വേദി സഹായകമാകും.
2016ലെ സമ്മേളനത്തിന് പിന്നാലെയാണ് ‘ഇ കോർട്സ്’ മിഷൻ മോഡ് പ്രോജക്റ്റിന് കീഴിൽ കോടതിനടപടികളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംയോജനത്തിനും ഗവൺമെന്റ് വിവിധ സംരംഭങ്ങൾ സജ്ജമാക്കിയത്.
Comments