ന്യൂഡൽഹി : ഇന്ത്യൻ വിദേശ വിനിമയ നിയമം ലംഘിച്ച ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമി ഇന്ത്യയുടെ 5,551 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റിനെ ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി .
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ. പിടിച്ചെടുത്ത തുക കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലാണെന്ന് ഇഡി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ കമ്പനി അനധികൃതമായി പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം, ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെ ഏജൻസി ചോദ്യം ചെയ്തിരുന്നു.
“കമ്പനി 2014-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു, . ഷവോമി ഗ്രൂപ്പ് ഉൾപ്പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങൾക്ക് കമ്പനി 5551.27 കോടി രൂപയ്‌ക്ക് തുല്യമായ വിദേശ കറൻസി അയച്ചു. . റോയൽറ്റിയുടെ പേരിൽ ഇത്രയും വലിയ തുക അവരുടെ ചൈനീസ് പാരന്റ് ഗ്രൂപ്പ് എന്റിറ്റികളുടെ നിർദ്ദേശപ്രകാരമാണ് അയച്ചത്. യുഎസ് ആസ്ഥാനമായുള്ള ബന്ധമില്ലാത്ത മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് അയച്ച തുകയും ഷവോമി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ആത്യന്തിക നേട്ടത്തിന് വേണ്ടിയായിരുന്നു.“ എൻഫോഴ്സ്മെന്റ് പ്രസ്താവനയിൽ പറയുന്നു. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത് ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇ.ഡി വ്യക്തമാക്കി.















