മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ഗുജറാത്തിന്റെ രണ്ടാമത്തെ തോൽവിയാണിത്. ശിഖർ ധവാന്റെ(62) ബാറ്റിങ്ങാണ് ഗുജറാത്തിന് മേൽ ആധികാരിക വിജയം നേടാൻ പഞ്ചാബിന് വഴിയെരുക്കിയത്. നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കട്ട് പ്രകടനം കൂടിയായപ്പോൾ കളി വേഗത്തിൽ അവസാനിച്ചു.
വെറും പത്ത് പന്തുകൾ മാത്രം നേരിട്ട ലിവിങ്‌സ്റ്റൺ 30 റൺസ് നേടി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടിച്ചുകൂട്ടി. മുഹമ്മദ് ഷമ്മി എറിഞ്ഞ 16ാം ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 28 റൺസ് ലിവിങ്‌സ്റ്റൺ എടുത്തു. ഓവറിലെ ആദ്യ പന്ത് 117 മീറ്റർ ദൂരത്തേക്കാണ് സിക്‌സർ പറത്തിയത്.
ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ മികച്ച സ്‌കോർ പടുത്തുയർത്താൻ ഹാർദിക് പാണ്ഡ്യയ്‌ക്കും സംഘത്തിനും കഴിഞ്ഞില്ല. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് ഗുജറാത്ത് എടുത്തത്. സായ് സുദർശൻ(65) മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്.
വൃദ്ധിമാൻ സാഹ(21), ഡേവിഡ് മില്ലർ(11),രാഹുൽ തോവാതിയ(11) എന്നിവർ മാത്രമാണ് സായിയെ കൂടാതെ രണ്ടക്കം കണ്ട ബാറ്റർമാർ. നാല് വിക്കറ്റുകൾ നേടിയ കഗിസോ റബാദയാണ് ഗുജറാത്ത് ബാറ്റിങ് നിരയുടെ അടിത്തറ ഇളക്കിയത്. റബാദയാണ് കളിയിലെ താരം. മത്സരം തോറ്റുവെങ്കിലും ഗുജറാത്ത് 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. വിജയത്തോടെ 10 കളിയിൽ നിന്ന് 10 പോയിന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി.
Comments