ചെന്നൈ : ജയ് ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ തമിഴ് നടൻ സൂര്യയ്‌ക്കെതിരെ കേസ് എടുക്കും. നടനെതിരെ കേസ് എടുക്കാൻ സെയ്ദാപേട്ട് കോടതി പോലീസിന് നിർദ്ദേശം നൽകി. രുദ്ര വണ്ണിയാർ സേന നൽകിയ ഹർജിയിലാണ് കേസ് എടുക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകിയത്. സൂര്യയ്‌ക്ക് പുറമേ സിനിമയുടെ പ്രെഡ്യൂസറും സൂര്യയുടെ ഭാര്യയുമായ ജ്യോതിക, സംവിധായകൻ ടി.ജെ ജ്ഞാനവേൽ എന്നിവർക്കെതിരെയും കേസ് എടുക്കാൻ നിർദ്ദേശമുണ്ട്.
സിനിമയിലെ പല രംഗങ്ങളും വണ്ണിയാർ സമുദായത്തെ അപമാനിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും, സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതിന് പുറമേ അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ജയ് ഭീം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇരുളർ വിഭാഗത്തിലെ ആളുകൾ പോലീസ് കസ്റ്റഡിയിൽ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയും, നിയമപോരാട്ടവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ പ്രകാശ് രാജിന്റെ കഥാപാത്രം വണ്ണിയാർ സമുദായത്തിലെ ഒരാളെ മർദ്ദിക്കുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
Comments