കോഴിക്കോട്: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ കേരള സന്ദർശനം ഇന്ന്. കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹം കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കുക. സ്വീകരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ രവിതേലത്ത് അറിയിച്ചു.
രാവിലെ 9 മണിക്ക് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ സ്വീകരിക്കും. കേരളീയ വസ്ത്രം ധരിച്ചെത്തുന്ന മഹിളാ മോർച്ച പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുക്കും.
വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ ജെ.പി നദ്ദ അഭിസംബോധന ചെയ്യും. അരലക്ഷത്തിലധികം ആളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മത ഭീകരവാദവും ജെ.പി നദ്ദയുടെ സന്ദർശനത്തിൽ ചർച്ചയാകും. അടുത്തിടെ സംസ്ഥാനത്ത് നടന്ന മതഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന നേതൃത്വം ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുപരിപാടിയിൽ ജെ.പി നദ്ദ ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments