ചേർത്തല : ചേർത്തല എസ്എച്ച് കോളേജ് ഓഫ് നഴ്സിംഗിനെതിരെ വിദ്യാർത്ഥികളുടെ പരാതി. നഴ്സിംഗ് വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും ആശുപത്രി ശുചിമുറി കഴുകിച്ചതായും പരാതിയുണ്ട്.കോളേജ് വൈസ് പ്രൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് വിദ്യാർത്ഥിനികളുടെ പരാതിയിൽ പറയുന്നു.
കോളേജിനെതിരെ വിദ്യാർത്ഥികളുടെ ശബ്ദസന്ദേശം ലഭിച്ച സാഹചര്യത്തിൽ നഴ്സിംഗ് കൗൺസിൽ പ്രതിനിധികൾ രണ്ട് ദിവസം മുൻപ് സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ നടത്തുകയും വിദ്യാർത്ഥിനികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. അവസാന വർഷ വിദ്യാർത്ഥികളായ 120 ഓളം പേരെയാണ് കണ്ടത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഡോക്ടർമാരുടെ ചെരുപ്പ് വിദ്യാർത്ഥിനികളെക്കൊണ്ട് വൃത്തിയാക്കിക്കുകയും ആശുപത്രി വാർഡ് കഴുകിക്കുകയും, ആശുപത്രി ശുചിമുറി വൃത്തിയാക്കിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. കോളേജ് വൈസ് പ്രിൻസിപ്പളിനെതിരെയും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. വൈസ് പ്രിൻസിപ്പൾ ലൈംഗികമായി അധിക്ഷേപിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥികൾ ഒരുമിച്ച് നടന്നാൽ ‘നിങ്ങൾ സ്വവർഗാനുരാഗികൾ ആണോ’ എന്നാണ് ചോദിക്കുന്നത്. വിദ്യാർത്ഥികളുടെ യൂണിഫോം ചുളിഞ്ഞിരുന്നാൽ അതിനെയും ലൈംഗികമായി വ്യാഖ്യാനിക്കുന്നു.
ഹോസ്റ്റലിൽ ജയിലിന് സമാനമായ അന്തരീക്ഷമാണെന്നും കുട്ടികൾ പരാതിപ്പെട്ടു. ക്രിസ്ത്യനികളല്ലാത്ത കുട്ടികളെയും പള്ളിയിൽ പോകാൻ നിർബന്ധിച്ചു. പുറത്ത് പോകാനോ മാതാപിതാക്കളെ കാണാനോ അനുവദിക്കാറില്ല. ഫോൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി പിടിഎ യോഗം വിളിക്കാൻ നഴ്സിംഗ് കൗൺസിൽ നിർദ്ദേശം നൽകി.
മുൻ വിദ്യാർത്ഥികളും പരാതിയുമായി എത്തിയിട്ടുണ്ട്. ക്ലീനേഴ്സല്ല തങ്ങളാണ് ആശുപത്രി വൃത്തിയാക്കിയത് എന്ന് മുൻ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പ്രാണികളെയും, പാമ്പിൻ കുഞ്ഞിനെയും പുഴുവിനെയും നിരന്തരം കിട്ടിയിരുന്നു. പുതിയ വിദ്യാർത്ഥികൾ വരുന്ന ദിവസം മാത്രമാണ് നല്ല ഭക്ഷണം ലഭിച്ചിരുന്നത്. വെള്ളത്തിൽ നിന്നും പുഴുവിനെ കിട്ടാറുണ്ട് എന്നും മുൻ വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ ഇത്തരം ആരോപണങ്ങൾ വൈസ് പ്രിൻസിപ്പൾ നിഷേധിച്ചു.
Comments