ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ കുൽഗാമിലായിരുന്നു ഏറ്റുമുട്ടൽ.
ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കുൽഗാമിലെ ചെയാൻ ദേവ്‌സാർ പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
വധിച്ച ഭീകരരിൽ ഒരാൾ പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയതാണ്. ഇയാളുടെ പേരും മറ്റു വിവരങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ കശ്മീർ സ്വദേശിയാണ്. വടക്കൻ കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നാണ് വിവരം.
ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ചില രേഖകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസവും കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്.
Comments