ഭോപ്പാൽ: മദ്യപിച്ചിട്ടും ലഹരി കിട്ടാഞ്ഞതോടെ പരാതിയുമായി മദ്ധ്യവയസ്കൻ. മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് അസാധാരണമായ പരാതി ഉയർന്നത്.
മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വസതിയിലും പോലീസുകാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും സമീപവും പരാതിക്കാരൻ എത്തിയതോടെയാണ് സംഭവം വൈറലായത്.
തനിക്ക് ലഭിച്ച മദ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബഹദൂർഗഞ്ച് സ്വദേശിയായ ലോകേന്ദ്ര സത്യ പരാതി നൽകി.
കഴിഞ്ഞ ഏപ്രിൽ 12നായിരുന്നു സത്യ നാല് ക്വാർട്ടർ മദ്യം വാങ്ങിയത്. ഇത് കഴിച്ചിട്ടും ലഹരി കിട്ടാതായതോടെ സത്യ മദ്യശാലയിലെത്തി വിവരമറിയിച്ചു. എന്നാൽ മദ്യശാലയുടെ ഉടമ സത്യയുടെ പരാതി ചെവിക്കൊണ്ടില്ല. ഇതിന് പുറമേ ഇക്കാര്യത്തിൽ മദ്യശാലയ്ക്കെതിരെ നടപടി എടുക്കാൻ കഴിയുമെങ്കിൽ അത് ചെയ്ത് കാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെയാണ് സത്യ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. വ്യാജ മദ്യമാണെന്ന് സംശയിക്കുന്നതായും സത്യ പരാതിയിൽ പറയുന്നുണ്ട്. കൂടാതെ തെളിവിനായി ശേഷിക്കുന്ന മദ്യം പരാതിക്കൊപ്പം സമർപ്പിക്കുകയും ചെയ്തു. മദ്യത്തിൽ വെള്ളം കലർത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ ഉടൻ അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്നും എക്സൈസ് ഓഫീസർ റാംഹൻസ് പചോരി പറഞ്ഞു.
Comments