ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ സ്ഫോടനത്തിൽ തകർക്കുമെന്ന് ഇ മെയിൽ ഭീഷണി. റൂർക്കി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് ഭീഷണിയടങ്ങിയ ഇ മെയിൽ ലഭിച്ചത്. സംസ്ഥാനത്തെ മത കേന്ദ്രങ്ങളിലും ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ട്.
ശനിയാഴ്ചയാണ് ഭീഷണിയടങ്ങിയ ഇ മെയിൽ ലഭിച്ചത്. ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും ഇ മെയിലിൽ പറയുന്നുണ്ട്. ലക്സർ, നജീബാബാദ്, ഡെറാഡൂൺ, റൂർക്കി, ഋഷികേശ്, ഹരിദ്വാർ എന്നീ റെയിൽവേ സ്റ്റേഷനുകൾ തകർക്കുമെന്നാണ് ഭീഷണി. മെയ് 21 ന് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലിൽ പറയുന്നത്.
ഭീഷണി ലഭിച്ചതായി പോലീസും സ്ഥിരീകരിച്ചു. സലീം അൻസാരി എന്നയാളാണ് ഇ മെയിൽ അയച്ചിരിക്കുന്നതെന്ന് ഡിജിപി അശോക് കുമാർ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായുളള ഭീകരസംഘടനയായ ജെയ്ഷ് ഇ മൊഹമ്മദിന്റെ ഏരിയ കമാൻഡർ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് വിശദമായി പരിശോധന നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Comments