ബോളിവുഡ് താരം അക്ഷയ്കുമാർ നായകനായെത്തുന്ന പൃഥ്വിരാജിന്റെ ട്രെയ്ലർ പുറത്തുവിട്ടു. പൃഥ്വിരാജ് ചൗഹാന്റെ ധീരതയും പോരാട്ടവും പ്രണയവും പറയുന്നതാണ് ചിത്രം. മനോഹരമായൊരു ദൃശ്യവിസ്മയമായിരിക്കും ചിത്രം പ്രേക്ഷകർക്ക് ഒരുക്കുകയെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്ലർ ലോഞ്ചിങ്ങിനിടെ അക്ഷയ് കുമാറിനോട് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് അക്ഷയ് നൽകിയ മറുപടിയും വൈറലാകുകയാണ്.
പ്രധാനമന്ത്രിയ്ക്കായി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടത്തുമോ എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ‘പ്രധാനമന്ത്രിയ്ക്ക് സിനിമ കാണണമെങ്കിൽ അദ്ദേഹം കാണും, എനിക്ക് ഉറപ്പുണ്ട്’ എന്നാണ് അക്ഷയ് കുമാർ മറുപടി നൽകിയത്. നിരവധി ചരിത്ര സിനിമകളിൽ അഭിനയിച്ചിട്ടുള്ള അക്ഷയ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് തവണ അഭിനന്ദിച്ചിട്ടുണ്ട്.
പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥ അറിയാത്തവരെല്ലാവരും സിനിമ കാണമെന്നും ചിത്രം സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും അക്ഷയ് കുമാർ പറഞ്ഞു. അതേസമയം ജൂൺ മൂന്നിനാണ് പൃഥ്വിരാജ് തീയേറ്ററുകളിൽ എത്തുന്നത്. മാനുഷി ചില്ലാറാണ് നായിക. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് ‘പൃഥ്വിരാജ്’ സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിർമ്മാണം.
Comments