നദികളോ തടാകങ്ങളോ ഇല്ലാത്ത പ്രദേശം. ഇവിടുത്തെ ജനങ്ങളെ രൂക്ഷമായ വെള്ളക്ഷാമത്തിൽ നിന്നും രക്ഷിക്കുന്നത് വീടുകളിലെ മേൽക്കൂരകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. വടക്കൻ അറ്റലാന്റിലെ ബെർമുഡയിലാണ് മേൽക്കൂരകൾ ജലം സംഭരിക്കുന്നതിനുളള ഉപാധികൾ ആകുന്നത്.
പടികളുടെ രൂപത്തിലാണ് ബെർമുഡയിൽ മേൽക്കൂരകൾ നിർമ്മിക്കാറ്. ഇതിലാകട്ടെ വെളുത്ത നിറത്തിലുള്ള പെയിന്റും അടിയ്‌ക്കും. ബെർമുഡയിലെ എല്ലാ വീടുകളുടെയും മേൽക്കൂര ഒരേ രീതിയിലാണ്. ഇഷ്ടത്തിനനുസരിച്ച് ഇവിടെ മേൽക്കൂരകൾ നിർമ്മിക്കാൻ ഇവിടെ സാധിക്കുകയില്ല. അങ്ങിനെ ചെയ്താൽ കുടിവെള്ള ക്ഷാമമാകും ഫലം.
ഇവിടുത്തെ ഭൂപ്രകൃതിയാണ് ജനങ്ങളെ പടികളുടെ രൂപത്തിലുള്ള മേൽക്കൂരകൾ നിർമ്മിക്കാൻ നിർബന്ധിതരാക്കുന്നത്. കിണറോ, നദികളോ, പുഴകളോ, തടാകങ്ങളോ ഇവിടെയില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് ഇവിടുത്തെ ജനങ്ങൾ നേരിട്ടിരുന്നത്. മഴവെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതിനാൽ വെള്ളപ്പൊക്കവും ഇവിടുത്തെ ജനങ്ങളെ വലച്ചു. ഇതിനെല്ലാം ഒരു പരിഹാരം എന്ന രീതിയിലാണ് പടികളുടെ രൂപത്തിലുള്ള മേൽക്കൂരകളുടെ നിർമ്മാണം ആരംഭിച്ചത്.
മേൽക്കൂരയിലേക്ക് വീഴുന്ന മഴവെള്ളത്തെ സംഭരിച്ച് വീടുകളിലെ ടാങ്കുകളിൽ സംഭരിക്കുകയാണ് രീതി. ഇത് സാദ്ധ്യമാക്കുന്നതിന് വേണ്ടിയാണ് പതിവിൽ നിന്നും വ്യത്യസ്തമായി മേൽക്കൂരകൾ പടികളായി നിർമ്മിക്കുന്നത്. ഈ രീതി മേൽക്കൂരയിലേക്ക് പതിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് പതുക്കെയാക്കുന്നു. ഇതോടെ ഈ വെള്ളമെല്ലാം ഒഴുകി ടാങ്കിലേക്ക് എത്തുന്നു.
എട്ട് ഗാലൻ ജലം ഉൾക്കൊള്ളുന്ന ടാങ്കുകളാണ് മഴവെള്ള സംഭരണത്തിനായി ഉപയോഗിക്കാറ്. എല്ലാ വീടുകളിലും ഈ സംവിധാനം ഉള്ളതിനാൽ വെള്ളപ്പൊക്കത്തിൽ നിന്നും ഇത് രക്ഷയാകുന്നു. ഏകദേശം 60,000 ത്തിലധികം കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത് എന്നാണ് വിവരം.
മേൽക്കൂരയ്‌ക്ക് വെള്ള നിറം നൽകുന്നതിനും കാരണങ്ങൾ ഉണ്ട്. വെള്ള നിറം അൾട്രാ വയലറ്റ് രശ്മികളെ വികിരണം ചെയ്യുന്നതിനാൽ വീടിനുള്ളിൽ ചൂട് കുറയുന്നു. കടുത്ത ചൂടിലും വീടിനുള്ളിലുള്ളവർക്ക് ചൂട് അനുഭവപ്പെടില്ല. മാത്രമല്ല ടാങ്കുകളിലെ വെള്ളം ശുദ്ധിയാകുന്നതിനും ഇത് സഹായിക്കുമെന്നാണ് പറയുന്നത്. ഇത്തരം മേൽക്കൂരകൾ ചുഴലിക്കാറ്റിനെയും പ്രതിരോധിക്കുന്നു.
ഈ നിർമ്മണ രീതിയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത് ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഈ മേൽക്കൂര നിർമ്മാണ രീതി അവലംബിച്ച് പോന്നിരുന്നത് എന്നാണ് പറയപ്പെടുന്നത്.














