ശ്രീനഗർ: കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്ന സംഭവത്തിൽ തിരിച്ചടിച്ച് സൈന്യം. കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പങ്കുള്ള രണ്ട് പേരെ അടക്കമാണ് സൈന്യം കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ചദൂരയിലെ തഹസിൽദാർ ഓഫീസ് ഗുമസ്തനും ന്യൂനപക്ഷ സമുദായാംഗവുമായ രാഹുൽ ഭട്ട് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു. ഇവരെയാണോ സുരക്ഷാ സേന ഇന്ന് കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണത്തിന് പിന്നാലെ ശൈഖ്പുരയിലെ കുടിയേറ്റ കോളനി നിവാസിയായ ഭട്ടിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.
കശ്മീരിൽ എട്ട് മാസമായി കുടിയേറ്റ തൊഴിലാളികൾക്കും പ്രാദേശിക ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ഭീകരാക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് രാഹുൽ. കൊലപാതികകളെ വെറുതെ വിടില്ലെന്ന് ജമ്മുകശ്മീർ ലഫ്റ്റ്നൻറ് ഗവർണർ മനോജ് സിൻഹ പറഞ്ഞിരുന്നു. ‘രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ ഞാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ നിന്ദ്യമായ ഭീകരാക്രമണത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതെ പോവില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
Comments