ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ജമ്മുകശ്മീർ സർക്കാർ. രാഹുൽ ഭട്ടിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും കശ്മീർ ഭരണകൂടം നൽകുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്ചയാണ് രാഹുൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്.
‘തീവ്രവാദികളുടെ നിന്ദ്യമായ ആക്രമണത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അടങ്ങുന്നതാണ് സംഘം. രാഹുൽ ഭട്ടിന്റെ ഭാര്യയ്ക്ക് ജമ്മുവിൽ സർക്കാർ ജോലിയും കുടുംബത്തിന് ധനസഹായവും നൽകും. മകളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും.’ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു.
ബുദ്ഗാം ജില്ലയിലെ ചദൂരയിലെ തഹസിൽദാർ ഓഫീസ് ഗുമസ്തനും ന്യൂനപക്ഷ സമുദായാംഗവുമാണ് കൊല്ലപ്പെട്ട രാഹുൽ ഭട്ട്. ഇന്ന് സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രാഹുലിന്റെ കൊലപാതകത്തിന് കാരണക്കാരായ ഭീകരരെ സൈന്യം വധിച്ചിരുന്നു. രാഹുലിന്റെ മരണത്തിന് ഇരയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര ഗ്രൂപ്പായ കശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തിരുന്നു.
Comments