ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി രാജ്യത്തെ നൂറിലേറെ സ്ത്രീകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് പിടികൂടി. ഒഡീഷ സ്വദേശി ഫർഹാൻ തസീർ ഖാൻ(35) ആണ് അറസ്റ്റിലായത്. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഡൽഹി എയിംസിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അവിവാഹിതനും അനാഥനുമാണെന്നുമാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എംബിഎ ബിരുദധാരിയാണെന്നും ഇയാൾ ഡോക്ടറോട് പറഞ്ഞിരുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തിയതിന് പിന്നാലെ 15 ലക്ഷം രൂപ ഡോക്ടറുടെ കയ്യിൽ നിന്നും ഫർഹാൻ വാങ്ങിയെന്നാണ് ആരോപണം. അടിയന്തര ആവശ്യം പറഞ്ഞാണ് പണം വാങ്ങിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് സ്ഥലത്ത് നിന്ന് മുങ്ങും.
ഈ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാളുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വരുന്നത്. മാട്രിമോണിയൽ സൈറ്റിൽ ഇയാൾ നിരവധി ഐഡികൾ തയ്യാറാക്കിയിരുന്നു. ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പ് വലയിൽ കുടുങ്ങിയത്.
ആഡംബര കാറുകളും ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചു. പ്രതിവർഷം 40 ലക്ഷം വരെ സമ്പാദ്യമുണ്ടെന്നും, സമ്പന്നനാണെന്നും പറഞ്ഞാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. 100ലേറെ സ്ത്രീകളിൽ നിന്നും ഇയാൾ പണം തട്ടിയിട്ടുണ്ട്. യഥാർത്ഥത്തിൽ വിവാഹിതനായ ഇയാൾക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. പിതാവും സഹോദരിയും ഉണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് അനാഥനാണെന്ന് പറഞ്ഞിരുന്നത്. ഫർഹാൻ കൂടുതൽ സ്ത്രീകളെ പറ്റിച്ചുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments