ഓലയുടെ എസ്1 പ്രോ മോഡൽ സ്‌കൂട്ടർ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പലവിധ കാരണങ്ങളാൽ വാർത്തകളിൽ ഇടം പിടിച്ച എസ്1 പ്രോ മോഡലിന് നിലവിൽ നിരവധി ഉപഭോക്താക്കളാണ് ഉള്ളത്. അതുകൊണ്ട് തന്നെ എസ്1 പ്രോയുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചവരും ഏറെയാണ്. കഴിഞ്ഞ മാസം ഏതാണ്ട് 1400ഓളം ഓല എസ്1 പ്രോ സ്‌കൂട്ടറുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. അടുത്തതായി ഇതിനകം വിറ്റുപോയ മോഡലുകളിൽ വാഹന നിയന്ത്രണ യൂണിറ്റുകൾ നവീകരിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം.
കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഓലയുടെ എസ്1 പ്രോ മോഡലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. റിവേഴ്‌സ് മോഡിൽ അനിയന്ത്രിമായി ഓടുക, അമിതമായി ചൂടാകുക, സ്‌കൂട്ടർ പൊട്ടിത്തെറിക്കുക തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഉപഭോക്താക്കൾ നേരിട്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്1 പ്രോ മോഡലുകളിൽ കമ്പനി നവീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. നിലവിൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
Comments