മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. രാഹുൽ ത്രിപാഠിയുടെ മികച്ച ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ ഇന്നിങ്‌സിന് അടിത്തറയിട്ടത്.
ത്രിപാഠി 44 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 76 റൺസെടുത്തു. പ്രിയം ഗാർഗ്(42), നിക്കോളാസ് പൂരൻ(38) എന്നിവരുടെ ചെറുത്ത്‌നിൽപ്പ് ടീമിന് മികച്ച സ്‌കോർ നേടാൻ സഹായിച്ചു. പിന്നീടുളള ബാറ്റർമാർക്കൊന്നും രണ്ടക്കം തികയ്‌ക്കാനായില്ല. അഭിഷേക് ശർമ്മ(9), ഐഡൻ മാർക്രം(2),കെയ്ൻ വില്യംസൺ(8),വാഷിങ്ടൺ സുന്ദർ(9) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോർ.
ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി മുബൈയുടെ ഓപ്പണർമാർ ഏറ്റെടുത്തു. ആദ്യ വിക്കറ്റിൽ നായകൻ രോഹിത്ശർമ്മയും ഇഷാന്ത് കിഷനും 95 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് അർധസെഞ്ച്വറിക്ക് രണ്ട് റൺ അകലെ വച്ച് പുറത്തായി. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും താരം നേടി. ഐപിഎൽ സീസണിൽ ഫോം നഷ്ടപ്പെട്ട ഇഷാന്ത് കിഷൻ നായകന് മികച്ച പിന്തുണ നൽകി.
ഇഷാന്ത് 43 റൺസെടുത്താണ് പുറത്തായത്. തുടരെ രണ്ട് തുടക്കകാരെ നഷ്ടപ്പെടുത്തിയത് മുംബൈക്ക് സമർദ്ദമായി. ഡാനിയേൽ സാംസ്(15), തിലക് വർമ്മ(8), ട്രിസ്റ്റൻ സ്റ്റബ്‌സ്(2) എന്നിവർക്ക് അധികം നേരം ക്രീസിൽ തുടരാനായില്ല. വിക്കറ്റുകൾ ഒരറ്റത്ത് വീണു കൊണ്ടിരുന്നപ്പോൾ 17ാം ഓവറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. നടരാജൻ എറിഞ്ഞ ഓവറിൽ ടിം ഡേവിഡ് 4 സിക്‌സറുകൾ പറത്തി. ആ ഓവറിൽ അവസാന പന്തിൽ ടിം റൺഔട്ടായതോടെ കാര്യങ്ങൾ വീണ്ടും ഹൈദരാബാദിന്റെ വഴിയേ വന്നു. 16 പന്തുകൾ നേരിട്ട് ടിം ഡേവിഡ്(46) നേടിയാണ് പുറത്തായത്. ഹൈദരാബാദിന് വേണ്ടി പേസർ ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റെടുത്തു. മുംബൈയുടെ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് അവസാനിച്ചു.
Comments