തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്.
ആദ്യം പാറമേക്കാവാണ് കരിമരുന്നിന് തിരി കൊളുത്തിയത്. പാറമേക്കാവിന്റെ വെടിക്കെട്ട് ഏകദേശം ആറ് മിനിറ്റോളം നീണ്ടു. പതിവ് പോലെ തന്നെ മൂന്ന് കതിന ആദ്യം പൊട്ടിച്ചുകൊണ്ടായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. ഇതിന് ശേഷമാണ് തിരുവമ്പാടി ദേശത്തിന്റെ വെടിക്കെട്ട് നടന്നത്. 2.40 ഓടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ആരംഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു വെടിക്കെട്ട്.
മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ രാവിലെയാണ് വെടിക്കെട്ട് ഇന്ന് നടത്താൻ ദേവസ്വങ്ങൾ തീരുമാനിച്ചത്. മൂന്ന് മണിയ്‌ക്ക് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇത് പിന്നീട് ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കാക്കുകയായിരുന്നു. വെടിക്കെട്ടിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ജില്ലയിൽ മഴ ചാറുന്നുണ്ടായിരുന്നു. വെള്ളം കയറാതിരിക്കാൻ കുഴികൾ പ്ലാസ്റ്റിക് കവർകൊണ്ട് മൂടിയിരുന്നു.
ഈ മാസം 10 നായിരുന്നു തൃശ്ശൂർ പൂരം. 11 ന് പുലർച്ചെ മഴകാരണം വെടിക്കെട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ മഴ തുടർന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നുംതന്നെ വെടിക്കെട്ട് നടത്താൻ സാധിച്ചിരുന്നില്ല. ഏകദേശം 4000 കിലോ വെടിമരുന്ന് ആണ് വെടിക്കെട്ടിനായി ഇരുവിഭാഗങ്ങളുടെയും കൈവശം ഉണ്ടായിരുന്നത്. ഏകദേശം 12 ഓളം ദിവസങ്ങളായി ഇത് ക്ഷേത്രപരിസരത്ത് സൂക്ഷിക്കുകയാണ്. തുടർന്നും ഇത് സൂക്ഷിക്കുക അസാദ്ധ്യമായതിനെ തുടർന്നാണ് ഇന്ന് വെടിക്കെട്ട് നടത്താൻ അധികൃതർ തീരുമാനിച്ചത്.
















Comments