മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിൽ പ്രവേശിച്ചത്. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയം.
ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുത്തു. മോയിൻ അലി(93)യുടെ പ്രകടനമാണ് ടീമിനെ സ്‌കോർ 150ൽ എത്തിച്ചത്. അലി 57 പന്തുകളിൽ നിന്ന് 13 ബൗണ്ടറിയും 3 സിക്‌സറുകളും അടിച്ചെടുത്തു. തുടക്കം മുതൽ മിന്നൽ വേഗത്തിൽ റണ്ണുകൾ നേടിയ മൊയിൻ അലിയ്‌ക്ക് മികച്ച പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ക്യാപ്റ്റൻ ധോണി(26) മാത്രമാണ് അലിയ്‌ക്കൊപ്പം അൽപ്പം നേരം ക്രീസിൽ നിലയുറപ്പിച്ചത്. ഇരുവർക്കും പുറമെ ഡെവൻ കോൺവേ(16) മാത്രമാണ് രണ്ടക്കം കണ്ടത്. ഋതുരാജ് ഗെയ്ക്വാദ്(2), നാരായൺ ജഗദീശൻ(1), അമ്പാട്ടി റായുഡു(3), മിച്ചൽ സാന്റനർ(1), സിമർജീത് സിങ്(3) എന്നിങ്ങനെയാണ് മറ്റുളളവരുടെ സംഭാവന.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് കരുതലോടെയാണ് കളിച്ചത്. ഓപ്പണർ ജോസ് ബട്ട്‌ലർ(2) തുടക്കത്തിൽ വീണെങ്കിലും യാശ്വവി ജെയ്‌സ്‌വാൾ(59) ക്രീസിൽ നങ്കൂരമിട്ട് നിന്ന് കളിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. ക്യാപ്റ്റൻ സഞ്ജു സാംസൺ(15), ദേവ്ദത്ത് പടിക്കൽ(3),ഹെറ്റ്‌മെയർ(6) എന്നിവർ എളുപ്പത്തിൽ കളം വിട്ടു. കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ രക്ഷകനായത് രവിചന്ദ്ര അശ്വിൻ(40) ആണ്. അശ്വിൻ അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു പുറത്താകാതെ നിന്നു. 23 പന്തുകളിൽ നിന്നായി മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടി. റിയാൻ പരാഗ്(10) ആണ് വിജയം വരെ അശ്വിന് കൂട്ടായി ക്രീസിലുണ്ടായത്. 19.4 ഓവറിൽ 5 വിക്കറ്റിന് 151 റൺസ് നേടിയാണ് രാജസ്ഥാന് കളി അവസാനിപ്പിച്ചത്. പ്ലേ ഓഫ് യോഗ്യത നേടാൻ രാജസ്ഥാന് വിജയം അനിവാര്യമായിരുന്നു. നേരത്തെ പുറത്തായ ചെന്നൈയ്‌ക്ക് വിജയം കൊണ്ട് വലിയ പ്രയോജനമുണ്ടായിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
Comments