തിരുവനന്തപുരം : തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ ശേഷം നാടുവിട്ട വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത്. നാട് വിടുന്നതിന് മുൻപ് പെൺകുട്ടി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ലൈംഗികാതിക്രമത്തിനെതിരെ പരാതി നൽകിയതിന് പെൺകുട്ടിക്ക് അവഹേളനം നേരിടേണ്ടി വന്നുവെന്ന് ശബ്ദരേഖയിൽ പറയുന്നു.
താൻ കഴിയുന്നതും ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി പഠിച്ച് പോകാനാണ് ശ്രമിക്കുന്നത് എന്നാൽ ഒരു വിധത്തിലും ഇവർ പഠിക്കാൻ വിടുന്നില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. എന്നെ സെക്ഷ്വലി ഹരാസ് ചെയ്തയാൾ ഇവിടെ കൂളായിട്ട് നടക്കുന്നു. ആരും ഒന്നും ചെയ്തില്ല.
അയാൾക്ക് വേണ്ടി തന്റെ പൈലറ്റ് ലൈസൻസും എഫ്.ആർ.ടി.ഒ.എൽ ലൈസൻസും മെഡിക്കൽ അസസ്മെന്റും എന്റെ മാലയും എല്ലാം എടുത്തുകൊണ്ടുപോയി. അതെല്ലാം ചെയ്ത പെൺകുട്ടിയും ഒരു പ്രശ്നവുമില്ലാതെ നടക്കുന്നു. അയാൾക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് കുട്ടി പോലീസിനോടും അക്കാദമി മാനേജ്മെന്റിന്റെ മുന്നിലും പറഞ്ഞു. എന്നിട്ടും ആരും ഒരു ആക്ഷനും എടുത്തില്ല. അവരെല്ലാവരും ചേർന്ന് തന്നെ കളിയാക്കുകയാണെന്നും വിദ്യാർത്ഥിനി പറഞ്ഞു.
മാസങ്ങൾക്ക് മുമ്പാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലെ ചീഫ് ഫ്ളൈയിങ് ഇൻസ്ട്രക്റായ രാജേന്ദ്രനെതിരേ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്. പരിശീലനത്തിനിടെ ഇയാൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അപമാനിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആയിരുന്നു പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കൂടി അവഹേളനം നേരിട്ടതോടെ പെൺകുട്ടി നാടു വിട്ടു.
ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. അതേസമയം, മകളെ കാണാതായിട്ടും സ്ഥാപനത്തിൽനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു.
Comments