തൃശൂർ: അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട തൃശൂരിലെ അന്തിക്കാട്-കാഞ്ഞാണി റോഡ് വീണ്ടും തകർന്ന് തരിപ്പണമായി. റോഡ് വെട്ടിപ്പൊളിച്ചത് കാരണം മൂന്നുവർഷത്തോളം ദുരവസ്ഥ അനുഭവിച്ച നാട്ടുകാരാണ് വീണ്ടും ദുരിതത്തിലായിരിക്കുന്നത്. റവന്യൂ മന്ത്രി കെ.രാജന്റെ നാട്ടിലെ റോഡാണ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നത്.
പൈപ്പിടുന്നതിനായിട്ടായിരുന്നു ആദ്യം കാഞ്ഞാണി-അന്തിക്കാട് റോഡ് വെട്ടിപ്പൊളിച്ചത്. തുടർന്ന് അറ്റകുറ്റപ്പണി നടത്താതെ മൂന്നുവർഷക്കാലം കടന്നുപോയി. ഈ നാളുകളത്രയും ഇതുവഴി സഞ്ചരിച്ചവർ നേരിട്ടത് നരകതുല്യമായ യാത്രയായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. നിരവധി തവണ അപകടങ്ങൾ സംഭവിക്കുകയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ തുടർച്ചയായി അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു.
മഴക്കാലമാകുമ്പോൾ പലരും ഇതുവഴി പോകാൻ മടിച്ചു. മറ്റ് വഴികളില്ലാത്തവർ നിവൃത്തിയില്ലാത്തത് കൊണ്ടുമാത്രം അത്യധികം ജാഗ്രതയോടെ സഞ്ചരിക്കാൻ നിർബന്ധിതരായി. മൂന്ന് വർഷം നീണ്ട ദുരിത ജീവിതത്തിന് പിന്നാലെയാണ് റോഡ് നവീകരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു നവീകരണം പൂർത്തിയായത്.
എന്നാൽ അറ്റക്കുറ്റപ്പണി കഴിഞ്ഞ ഏതാനും ദിവസങ്ങൾ മാത്രം ആശ്വാസം കണ്ട യാത്രക്കാർ മഴ കനത്തതോടെ വെട്ടിലായി. വെള്ളക്കെട്ട് രൂപപ്പെട്ട റോഡ് വീണ്ടും ഗതാഗത്തതിന് യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. വീതി കുറഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനക്കുരുക്കും നിത്യസംഭവമായി. മന്ത്രി കെ.രാജൻ, മുൻമന്ത്രി വി.എസ് സുനിൽ കുമാർ, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സിസി മുകുന്ദൻ എന്നിവരുടെ നാട്ടിലെ ജനങ്ങളാണ് റോഡ് തകർന്നതോടെ വീണ്ടും ദുരിതം പേറുന്നത്.
Comments