ലക്‌നൗ : എട്ട് മാസം ഗർഭിണിയായ ഭാര്യയെ മസ്ജിദിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇമാം അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹാരൺപൂരിലാണ് സംഭവം. മസ്ജിദിലെ ഇമാമായ ഉസ്മാനെയാണ് പോലീസ് പിടികൂടിയത്. ഭാര്യയെ ഏഴ് തലയുള്ള കാളി തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞാണ് ഇയാൾ കേസിൽ നിന്നും തലയൂരാൻ ശ്രമിച്ചത്.
തന്റെ തന്ത്രശക്തി ഉപയോഗിച്ച് ഭാര്യയുടെ വയറ്റിൽ പെൺകുട്ടിയാണെന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ക്രൂരകൃത്യം നിർവ്വഹിച്ചത്. ആൺകുട്ടി വേണമെന്നായിരുന്നു ഇമാമിന്റെ ആഗ്രഹം. അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് ഭാര്യയെ മസ്ജിദിലേക്ക് വിളിച്ച് വരുത്തി. കെട്ടിടത്തിന് മുകളിൽ എത്തിച്ച് ഭാര്യയെ ഇയാൾ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തലയിടിച്ച് വീണ ഭാര്യ ഹീന അവിടെ വെച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഹീനയുടെ അമ്മയെ ഉൾപ്പെടെ ഇയാൾ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഏഴ് തലയുള്ള കാളിയാണ് ഹീനയെ തളളിയിട്ട് കൊലപ്പെടുത്തിയത് എന്നാണ് ഇമാം പറഞ്ഞത്. ദുരൂഹത തോന്നിപ്പിക്കുന്ന തരത്തിൽ ഹീനയുടെ ദേഹത്ത് ഇയാൾ മുറിവുകളും ഉണ്ടാക്കി. മരണത്തിൽ പോലീസിന് പരാതി നൽകരുത് എന്നും ഇമാം അമ്മയോട് നിർദ്ദേശിച്ചു. തുടർന്ന് ഹീനയുടെ അന്ത്യകർമ്മങ്ങളും നടത്തി.
എന്നാൽ സംഭവത്തിൽ എന്തോ പന്തികേട് തോന്നിയ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കള്ളക്കളി പൊളിച്ചത്. ഹീനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
Comments