ന്യൂഡൽഹി: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രധാന പരിപാടി കർണ്ണാടകയിലെ മൈസുരുവിൽ ജൂൺ 21-ന് നടക്കും. യോഗാഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസുരു തിരഞ്ഞെടുക്കപ്പെട്ടതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു.
‘ആസാദി കാ അമൃത് മഹോത്സവ്’ വർഷത്തിൽ ഈ യോഗദിനം വരുന്നതിനാൽ, രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗദിനം ആചരിക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ് 27 ന് ഹൈദരാബാദിൽ 25-ആം ദിവസത്തെ കൗണ്ട്ഡൗൺ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരത്തോളം പേർ യോഗാ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
മൈസുരുവിൽ നടക്കുന്ന പ്രധാന പരിപാടിക്ക് പുറമെ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന ‘ഗാർഡിയൻ റിംഗ്’ യോഗ ദിനത്തിന്റെ മുഖ്യ ആകർഷണമാകും.ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് പരിപാടി.
Comments