പാലക്കാട്: എക്സൈസ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നും കൈക്കൂലി പണം പിടികൂടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 14 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എം. നാസർ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ എസ്. സജീവ്, കെ.അജയൻ തുടങ്ങിയവർക്കാണ് സസ്പെൻഷൻ. ഇക്കഴിഞ്ഞ 16 നാണ് കടാങ്കോട് ജംഗ്ഷനിൽവെച്ച് വിജിലൻസ് കൈക്കൂലി പണം പിടികൂടിയത്. 10,23,600 രൂപയുടെ കൈക്കൂലി പണമാണ് പിടികൂടിയത്.
എക്സൈസ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് നൂറുദ്ദീ വാഹനത്തിലെ ഡാഷ് ബോർഡിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിവിധ എക്സൈസ് ഓഫീസുകളിൽ നൽകുന്നതിനായി കള്ളുഷാപ്പ് ലൈസൻസികളിൽ നിന്നാണ് നൂറുദ്ദീൻ പണം കൈക്കൂലിയായി വാങ്ങിയിട്ടുള്ളതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
എക്സൈസ് ചിറ്റൂർ സർക്കിൾ ഓഫീസ്,ഇന്റലിജൻസ് ബ്യൂറോ,സ്പെഷൽ സ്ക്വാഡ് എന്നിവിടങ്ങളിലേക്ക് 2,20,000 രൂപ വീതവും ചിറ്റൂർ റേഞ്ച് ഓഫീസിലേക്ക് 195000 രൂപയും എത്തിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ ഇതിനിടെ ഇയാൾ വിജിലൻസിന്റെ വലയിലാവുകയായിരുന്നു.
Comments