മുംബൈ : ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ഇന്റർപോളും തിരയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്ന് വിവരം. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മകൻ അലീഷാ പാർക്കറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ചത്. ദാവൂദുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും അലീഷാ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. മുംബൈ സ്ഫോടനക്കേസിലെ മുഖ്യകണ്ണിയായ അധോലോക നായകന് ഇത്രയും നാൾ പാകിസ്താനാണ് ഒളിത്താവളം ഒരുക്കിനൽകിയത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ദാവൂദിന്റെ സഹോദരിയുമായി ബന്ധപ്പെട്ട വിവരങ്ങളും അലീഷാ പാർക്കർ പങ്കുവെച്ചു. ഹസീന പാർക്കർ സാധാരണ വീട്ടമ്മയായിരുന്നു. ജീവിക്കാൻ വേണ്ടിയാണ് അവർ ചില പണമിടപാടുകൾ നടത്തിയത്. സ്വന്തം പേരിലുള്ള സ്ഥലം വാടകയ്ക്ക് കൊടുത്തും ആളുകൾക്ക് പണം കൊടുത്തുമാണ് അവർ കുടുംബം നോക്കിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളും അവർ നടത്തിയിരുന്നുവെന്ന് അലീഷാ പറഞ്ഞു.
ദാവൂദിന്റെ സഹോദരിയായത് കൊണ്ട് തന്നെ ഹസീനയെ എല്ലാവർക്കും അറിയാമായിരുന്നു. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളും അവർ നടത്തിയിരുന്നു എന്ന് അലീഷാ പറഞ്ഞു. യുഎന്നിന്റെ ആഗോള ഭീകരവാദത്തിന് ധനസഹായം നടത്തുന്നവരുടെ പട്ടികയിൽ ദാവൂദും ഉണ്ട്. ഇയാൾ 1986 ഓടെ ഇന്ത്യ വിട്ടുവെന്നാണ് അലീഷാ പാർക്കർ പറയുന്നത്.
അനധികൃത സ്വത്ത് സമ്പാദനത്തിനും ഹവാല വഴി വെളുപ്പിക്കാനും ദാവൂദിനെ സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് അയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തുന്നത്. കേസിൽ ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരൻ സലിം ഫ്രൂട്ടിനെ ഫെബ്രുവരിയിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
Comments