യുപിഎസ്സി സിവിൽസർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ശ്രുതി ശർമ്മയെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി സ്വദേശിയാണ് ഒന്നാം റാങ്കുകാരിയായ ശ്രുതിശർമ്മ. യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ-2021ൽ ഒന്നാം സ്ഥാനം നേടിയ ഉത്തർപ്രദേശിലെ ശ്രുതി ശർമ്മയ്‌ക്കും പരീക്ഷയിൽ വിജയിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ക്ഷമയുടെയും ഫലമാണ് ഈ മഹത്തായ നേട്ടം. നിങ്ങളുടെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു! യോഗി ട്വിറ്ററിൽ കുറിച്ചു.
2021 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾ നേടി. ശ്രുതി ശർമ ഒന്നാം റാങ്ക് നേടിയപ്പോൾ അങ്കിത അഗർവാൾ, ഗമനി സിംഗ്ല എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്‌ക്കാണ് നാലാം റാങ്ക്. 21ാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശി ദിലീപ് പി കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്.
ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76), തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം പിടിച്ച മലയാളികൾ. സിവിൽ സർവ്വീസിന് 685 പേർ യോഗ്യത നേടി.
സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ നേർന്നു. രാജ്യത്തിന്റെ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
Comments