എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നൽകിയതിനെതിരെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. വിചാരണ കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയിരിക്കുന്നത്.
ദിലീപ് അന്വേഷണം അട്ടിമറിയ്‌ക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹർജി നൽകിയിരിക്കുന്നത്. നടൻ തെളിവുകൾ നശിപ്പിക്കുകയും, സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തു. ഇതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് നൽകിയ സമയം ഇന്ന് അവസാനിക്കും. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇന്ന് കുറ്റപത്രം സമർപ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് മാസം കൂടി സാവകാശം അനുവദിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘം നൽകിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments