തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവത്തോടെ പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ജില്ലാ തലത്തിലും ഉപജില്ലാതലത്തിലും പ്രവേശനോത്സവം നടക്കും.
42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അദ്ധ്യാപകരും കാൽ ലക്ഷത്തോളം അനദ്ധ്യാപകരും ഇന്ന് മുതൽ വീണ്ടും സ്കൂളുകളിലേക്കെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്ക് നിർബന്ധമാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി.യു.പി, എൽ.പി. അദ്ധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്കൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കു സ്കൂൾ തുറന്ന ശേഷം പരിശീലനം നൽകും.
Comments